തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളജിൽ ഉണ്ടായ വിദ്യാർഥി സംഘർഷത്തിന്റെ പേരിൽ വിദ്യാർഥി യുവജന പ്രവർത്തകരെ വേട്ടയാടുന്നതിനുള്ള ആസൂത്രിത നീക്കം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ ഗൂഢ നീക്കത്തിനെതിരേ തലയോലപ്പറമ്പിൽ പ്രതിഷേധ മാർച്ചും സമ്മേളനവും സംഘടിപ്പിക്കാൻ സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി തീരുമാനിച്ചു.
ദേവസ്വം ബോർഡ് കോളജിലുണ്ടായ പ്രശ്നത്തിന്റെ മറവിൽ കള്ളക്കേസെടുത്ത് സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായ മുഹമ്മദ് റഫ്സലിനെയും, അബ്ദുൾ അസീസിനെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണ്. സ്ഥലത്ത് ചെല്ലാത്ത രണ്ടുപേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജോലിസ്ഥലത്തേക്ക് പോയ ഇവരെ പിന്തുടർന്ന് കോട്ടയത്തുനിന്ന് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വിദ്യാർഥി യുവജന പ്രവർത്തകരുടെ വീടുകളിൽ റെയ്ഡെന്ന പേരിലെത്തി കുടുംബാംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുയാണ്. എസ്എഫ്ഐ ഏരിയ പ്രസിഡന്റായ അനന്യ വിനോദിന്റെ വീട്ടിലെത്തി വീട്ടുകാരെ പൊലിസ് അസഭ്യം പറഞ്ഞു. കോളജിൽ ഉണ്ടായ പ്രശ്നങ്ങൾ അന്വേഷിക്കാനെത്തിയ സിപിഎം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ കള്ളക്കേസിൽ പെടുത്തുവാനാണ് പൊലിസ് ശ്രമിക്കുന്നത്.
പൊതുസ്ഥലത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരേ കേരള ഹൈക്കോടതിയുടെ തന്നെ ഉത്തരവ് നിലനിൽക്കെ കോളജിനു മുന്നിലെ പ്രധാന പാതയിൽ കെഎസ്യുവിന്റെ കൊടിമരം സ്ഥാപിക്കാൻ കോൺഗ്രസ് നേതാക്കന്മാർക്ക് പോലീസ് ഒത്താശ ചെയ്യുകയായിരുന്നെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
നാളെ വൈകുന്നേരം നാലിന് തലയോലപ്പറമ്പിൽ പ്രതിഷേധ മാർച്ചും സമ്മേളനവും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിഷേധ മാർച്ചും സമ്മേളനവും സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയാ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, കെ. എസ്. വേണുഗോപാൽ, ടി.എൻ. സിബി, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു എന്നിവർ പങ്കെടുത്തു.